കോഴിക്കോട് : താമരശ്ശേരി രൂപത സീറോ മലബാർ സഭയുടെ സമുദായ ശാക്തീകരണ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കത്തോലിക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മതാന്തര സംവാദം സംഘടിപ്പിച്ചു. അമലാപുരി ചവറ കൾച്ചറൽ സെൻ്ററിൽ നടന്ന പരിപാടിയിൽ രൂപത ബിഷപ് മാർ റെമിജിയോസ ഇഞ്ചാനിയിൽ അധ്യക്ഷത വഹിച്ചു. ഗോവ മുൻ ഗവർണർ ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
മുനവറലി തങ്ങൾ, ഫാ. ഡോ: അരുൺ കലമറ്റത്തിൽ, സ്വാമി ആത്മദാസ് യമി തുടങ്ങിയവർ യഥാക്രമം ഇസ്ലാം കിസ്ത്യൻ, ഹിന്ദു മതങ്ങളുടെ വീക്ഷണങ്ങൾ അവതരിപ്പിച്ചു.ജൈനമത വീക്ഷണങ്ങളെക്കുറിച്ച് അവതരിപ്പിക്കാൻ വയനാട് ജൈന സമാജം പൂതാടി യൂണിറ്റ് മുതിർന്ന അംഗവും വരദൂർ അനന്തനാഥസ്വാമി ട്രസ്റ്റ് പ്രസിഡൻ്റ് വി. വി. ജിനേന്ദ്രപ്രസാദാണ് (കടമന ബാബു ) പങ്കെടുത്തത്. മതവും സാമൂഹിക സമാധാനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. തുടർന്ന് ചാനൽ ചർച്ചയും നടന്നു. ക്ഷണിക്കപ്പെട്ട വിവിധ മതാചാര്യൻമാരും സമുദായ സംഘടന നേതാക്കളും കോളജ് വിദ്യാർഥികളും പങ്കെടുത്തു.മതങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പരസ്പര ബോധ്യം വർധിപ്പിക്കുക, സമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുക, എന്നിവയാണ് മാതാന്തരസംവാദത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ മതത്തിനും സ്വന്തം വിശ്വാസവും നിലപാടും അവതരിപ്പിക്കാനുള്ള രീതിയിലാണ് സംവാദം ക്രമീകരിച്ചത്.














