Latest

ജയിലിൽ കൊലക്കേസ് പ്രതികൾ തമ്മിൽ സിനിമയെ വെല്ലും പ്രണയം, പരോൾ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹം

ജയ്പുർ∙ ജയിലിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികൾ പരോളിൽ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ പ്രസാദ്. ഇരുവർക്കും വിവാഹിതരാകാൻ രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോൾ നൽകി. ഇന്ന് ആൽവാറിലെ ബരോദാമേവിൽ ആയിരുന്നു വിവാഹം.

മോഡൽ ആയി ജോലി ചെയ്യുകയായിരുന്നു പ്രിയ സേഠ്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സാൻഗനെർ തുറന്ന ജയിലിലാണ് പ്രിയ. അതേ ജയിലിൽ വച്ച് ആറുമാസം മുൻപാണ് പ്രിയ ഹനുമാൻ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

കാമുകന്റെ കടംവീട്ടാൻ പ്രിയയുടെ കൊലപാതകം 2018 മേയ് 2നാണ് പ്രിയ ദുഷ്യന്തിനെ കൊലപ്പെടുത്തിയത്. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടങ്ങൾ വീട്ടാൻ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു പദ്ധതി. അതുപ്രകാരം ടിൻഡർ ആപ്പിലൂടെ ദുഷ്യന്തുമായി അടുപ്പം സ്ഥാപിച്ചു. ബജാജ് നഗറിലെ ഫ്ലാറ്റിലേക്കു ക്ഷണിച്ചു. പിന്നാലെ ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അവർ മൂന്നു ലക്ഷം നൽകി. എന്നാൽ ദുഷ്യന്തിനെ വിട്ടയച്ചാൽ പൊലീസ് അന്വേഷണം വരുമെന്ന ഭയത്തിൽ പ്രിയയും ദിക്ഷന്തും കൊലപാതകം നടത്തുകയായിരുന്നു. ഇവർക്കൊപ്പം ദിക്ഷന്തിന്റെ സുഹൃത്ത് ലക്ഷ്യ വാലിയയും ഉണ്ടായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്കെയ്സിൽ ആമെർ കുന്നുകളിൽ ഉപേക്ഷിച്ചു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് അനേകം തവണ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. പിന്നാലെ തെളിവു നശിപ്പിക്കാൻ ഫ്ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. മേയ് മൂന്നിന് രാത്രി ആമെർ കുന്നുകളിൽനിന്ന് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ മൂവരെയും അറസ്റ്റ് ചെയ്തു.

കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്ന് ഹനുമാൻ പ്രസാദ് പെൺസുഹൃത്തിന്റെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ഹനുമാൻ പ്രസാദ് ശിക്ഷ അനുഭവിക്കുന്നത്. ആൽവാറിലെ തായ്‌ക്വോണ്ടോ (കൊറിയൻ ആയോധനകല) പരിശീലകയായ സാന്തോഷ് ആയിരുന്നു ഹനുമാൻ പ്രസാദിന്റെ പെൺസുഹൃത്ത്. ഹനുമാൻ പ്രസാദിനേക്കാൾ 10 വയസ്സ് മുതിർന്നയാളായിരുന്നു സാന്തോഷ്. 2017 ഒക്ടോബർ 2ന് രാത്രി ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ആവശ്യപ്പെട്ട് അവർ ഹനുമാൻ പ്രസാദിനെ വിളിക്കുകയായിരുന്നു. ഹനുമാൻ പ്രസാദ് മറ്റൊരു കൂട്ടാളിക്കൊപ്പമാണ് ഇവിടെത്തി മൃഗങ്ങളെ കൊല്ലുന്ന കത്തി കൊണ്ട് ഭൻവാരി ലാലിനെയും സാന്തോഷിന്റെ മൂന്ന് മക്കളെയും അവർക്കൊപ്പം താമസിച്ചിരുന്ന ബന്ധുവായ കുട്ടിയെയും കൊലപ്പെടുത്തിയത്. ബന്ധുവായ കുട്ടിയെ കൊലപ്പെടുത്താൻ ഇവർക്ക് ആദ്യം ഉദ്ദേശ്യമില്ലായിരുന്നു. എന്നാൽ ഈ കൊലപാതകങ്ങൾ നടക്കുമ്പോൾ ആ കുട്ടി ഉണർന്നു വരികയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.