ന്യൂഡൽഹി∙ 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്നു സൈന്യം ഭീകര ക്യാംപുകൾ തകർത്തതായി ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ്. 2025 ജൂലൈ 11 നും 13 നും ഇടയിൽ ഇന്ത്യയുടെ സ്പെഷൽ ഫോഴ്‌സായ പാരാ കമാൻഡോകളാണ് ഓപ്പറേഷനിറങ്ങിയത്. കൃത്യതയോടെ ഓപ്പറേഷൻ നിർവഹിച്ച പാരാ (സ്പെഷൽ ഫോഴ്‌സ്) ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക്കിനോടു അനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി ലഭിച്ചിരുന്നു. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നൽകിയത്.
മ്യാൻമറിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റിന്റെ ക്യാംപുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി ഭീകരർ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ആക്രമണത്തെ കുറിച്ച് മൗനം പാലിച്ചു. അതേസമയം, സംസ്ഥാന പൊലീസും ആക്രമണം നടത്തിയിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പറഞ്ഞിരുന്നു. ആക്രമണത്തിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഓപ്പറേഷന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ഇന്ത്യ പുറത്തുവിട്ടിട്ടില്ല. രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നാണ് ശൗര്യ ചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പിലെ വിവരണം.














