ഹരിയാനയിൽ വിനോദ സഞ്ചാരിയെ ഭക്ഷണ വിൽപനക്കാരൻ തട്ടിക്കൊണ്ടുപോയി. 23 വയസ്സുള്ള യുവതിയെയാണ് സുഹൃത്തിനെ മർദിച്ച ശേഷം ഭക്ഷണ വിൽപനക്കാരൻ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതി രക്ഷപ്പെട്ടു.ഞായറാഴ്ച രാത്രി 1.30ഓടെയാണ് യുവതി സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. ഇരുവരും കാറിലിരിക്കുമ്പോൾ പുലർച്ചെ മൂന്നുമണിയോടെ ഗൗരവ് ഭാട്ടിയെന്ന പ്രദേശത്തെ ഭക്ഷണ വിൽപനക്കാരൻ എത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് യുവതിയുടെ ഫോൺ ഗൗരവ് ഭാട്ടി തട്ടിയെടുത്ത് സ്വന്തം വാഹനത്തിലേക്ക് പോയി. ഫോണിനായി ഇരുവരും പിന്തുടർന്നപ്പോൾ യുവാവിനെ തള്ളിയിട്ട ശേഷം യുവതിയെ വാഹനത്തിനുള്ളിലേക്ക് വലിച്ചിട്ടശേഷം ഓടിച്ചു പോവുകയായിരുന്നു.
സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോൺ പിന്തുടർന്ന് വാഹനത്തിന്റെ ദിശ മനസ്സിലാക്കി പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞു അന്വേഷണം തുടങ്ങി.ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയാണ് ഭാട്ടി വാഹനം കൊണ്ടുപോയത്. എന്നാൽ ചെളി നിറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ടയർ താഴ്ന്നുപോയതിനെ തുടർന്ന് വാഹനം നിശ്ചലമായി. യുവതി നിലവിളിച്ചപ്പോൾ യുവാവ് വാഹനത്തിൽനിന്നും ഇറങ്ങിയോടുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഗൗരവ് ഭാട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്തിന്റെ വാഹനമാണ് ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. മദ്യം വാങ്ങിവരാനാണ് സുഹൃത്ത് വാഹനം നൽകിയത്.














