ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സിഐഡി – ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു.
പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ ഇവരുമായി ബന്ധം സ്ഥാപിച്ചതെന്നാണ് നിഗമനം. ഹണി ട്രാപ്പിൽ കുടുങ്ങിയ ഇയാൾ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയിരിക്കാമെന്നും സംശയിക്കുന്നു. പണത്തിന് പകരമായോ അതോ സമ്മർദത്തിലോ നിർബന്ധിതമായോ ആണോ പ്രതി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.














