Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്: സൗബിൻ ഷാഹിർ ഇന്ന് ഹാജരാകേണ്ട, പിതാവിനുൾപ്പെടെ ഇളവ്

കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. ഹൈക്കോടതി സമയം നീട്ടി നൽകിയതോടെയാണ് ഇത്. ഈ മാസം 27ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് സൗബിനും കേസിലെ മറ്റു പ്രതികളായ പിതാവ് ബാബു ഷാഹിർ, പറവ ഫിലിംസിലെ ഷോൺ ആന്റണി എന്നിവരോടു നിർദേശിച്ചിരിക്കുന്നത്. സൗബിനും മറ്റുള്ളവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി മുമ്പാകെയാണ്. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകുന്നത് 27ലേക്കു നീട്ടിവയ്ക്കുകയാണെന്നു കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 23നു പരിഗണിക്കും.

സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരാമെന്നും നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഈ മാസം 20ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മരട് പൊലീസ് സൗബിനും മറ്റുള്ളവര്‍ക്കും നിർദേശം നൽകുകയായിരുന്നു. പിന്നാലെയാണ് മൂവരും മുൻകൂർ ജാമ്യത്തിനു ഹർജി നൽകിയത്.

വൻ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു അരൂർ സ്വദേശിയുടെ പരാതി. ഏഴു കോടി രൂപ ചിത്രത്തിനായി താൻ മുതൽമുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40% തനിക്ക് നൽകണമെന്നുമായിരുന്നു കരാർ എന്ന് സിറാജ് പറയുന്നു. എന്നാൽ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇതു പാലിച്ചില്ല എന്നു കാണിച്ച് സിറാജ് കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണത്തിനു കോടതി ഉത്തരവിടുകയും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നു കാണിച്ച് മരട് പൊലീസ് റിപ്പോർട്ട് നൽകുകയുമായിരുന്നു.

അതേസമയം, സിനിമയ്ക്കു വേണ്ടി നൽകേണ്ടിയിരുന്ന പണം സിറാജ് കൃത്യസമയത്ത് നൽകിയില്ലെന്നും പണം ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിങ് നീണ്ടുപോയതോടെ നഷ്ടം സംഭവിക്കുകയും ചെയ്തു എന്നാണ് സൗബിന്റെ വാദം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.