Listen live radio

കയറുന്നതിന് മുന്‍പും ഇറങ്ങിയ ശേഷവും പരിശോധന; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

after post image
0

- Advertisement -

ന്യഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കൂ. ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം തിരികെ വരേണ്ടവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍നിന്ന് തിരികെ കൊണ്ടുവരേണ്ട മുന്‍ഗണന അര്‍ഹിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക എംബസികളും ഹൈക്കമ്മീഷന്‍ ഓഫീസുകളും തയ്യാറാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനങ്ങളിലും വ്യോമസേനാ വിമാനങ്ങളിലും നാവികസേനാ കപ്പലുകളിലുമായാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുക. യാത്രാ ചെലവുകള്‍ യാത്രക്കാര്‍ തന്നെ വഹിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദേശകാര്യമന്ത്രാലയം ഓരോ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്ക് യാത്രക്കാരെ സംബന്ധിച്ച വിവരം നല്‍കും. വിദേശത്തുനിന്ന് ഇന്ത്യക്കാരെ എത്തിക്കുന്ന വിമാനങ്ങളിലെയും കപ്പലുകളിലെയും യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു ദിവസം മുന്‍പുതന്നെ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കും.
വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും. ഇതിനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ഇതിനുള്ള സൗകര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.
യാത്രാസമയത്ത് സാമൂഹ്യ അകലവും ശുചിത്വവും സംബന്ധിച്ച് ആരോഗ്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇന്ത്യയില്‍ ഇറങ്ങിയാല്‍ ഉടന്‍ എല്ലാവരും ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 14 ദിവസത്തിനു ശേഷം യാത്രക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. അതിനു ശേഷം മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.