Latest

ഇസ്രയേൽ–ഇറാൻ സംഘർഷം: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ

ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ഡൽഹിയിലെത്തിച്ചു. യുദ്ധസാഹചര്യത്തിൽ അടച്ച വ്യോമപാത ഇന്ത്യക്കാർക്കുവേണ്ടി കഴിഞ്ഞദിവസം തുറന്നുകൊടുത്തിരുന്നു. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു മഷ്ഹദിൽനിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. 290 പേരിൽ വിദ്യാർഥികളും തീർഥാടകരുമുണ്ട്. വിദ്യാർഥികളിൽ ഏറെയും കശ്മീരിൽനിന്നുള്ളവരാണ്. ഇറാനിൽ നിന്നുള്ള അ‍ഞ്ചാമത്തെ പ്രത്യേക വിമാനമാണ് ശനിയാഴ്ച രാത്രി എത്തിയത്. വ്യാഴാഴ്ച അർമീനിയ, ദോഹ എന്നിവിടങ്ങളിൽനിന്നായി 110 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.

ഇസ്രയേൽ–ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 1117 പേരെ എത്തിച്ചതായാണ് വിവരം. തുർക്ക്‌മെനിസ്‌ഥാന്റെ തലസ്ഥാനമായ അഷ്ഗബട്ടിൽനിന്ന് ഇന്ന് 2 വിമാനങ്ങൾ കൂടി ഇന്ത്യക്കാരെ എത്തിക്കും. ഇറാൻ വ്യോമപാത തുറക്കുന്നതിനു മുൻപ് തുർക്ക്‌മെനിസ്‌ഥാനിലേക്കു പോയവരാണിവർ. നേപ്പാൾ, ശ്രീലങ്ക എന്നീ സർക്കാരുകളുടെ അഭ്യർഥനപ്രകാരം അവിടത്തെ പൗരരെയും ഇറാനിൽ നിന്ന് ഇന്ത്യ കൊണ്ടുവരും. ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ജോർദാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ച ജോർദാനിയൻ എയർലൈൻസ് വഴി 50 പേരെ മുംബൈയിലെത്തിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.