മുംബൈ∙ വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഊബർ ഡ്രൈവർക്കും മറ്റു രണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയിൽനിന്ന് യുവതി ഒറ്റയ്ക്ക് ഉൗബറിൽ ഘാട്കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു സംഭവം.
യാത്രയ്ക്കിടെ ഡ്രൈവർ കാർ വഴിതിരിച്ചുവിടുകയും മറ്റു രണ്ടു പേരെ ഒപ്പം കയറാൻ അനുവദിക്കുകയും ചെയ്തു. ഇതിൽ പിൻസീറ്റിൽ കയറിയ ആൾ മോശമായി ശരീരത്തിൽ പിടിച്ചെന്നും തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതിക്രമം ഉൗബർ ഡ്രൈവർ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് കണ്ട് രണ്ടുപേരും കാറിൽനിന്ന് ഇറങ്ങി ഓടിയെന്നും തുടർന്ന് ഡ്രൈവർ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചെന്നും യുവതി പറഞ്ഞു. എന്തുകൊണ്ട് മറ്റു പുരുഷൻമാരെ കാറിൽ കയറ്റി എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഡ്രൈവർ മറുപടി നൽകിയില്ലെന്നും അവർ പറഞ്ഞു.
പൈലറ്റിന്റെ ഭർത്താവ് കൊളാബയിലെ നാവിക ആസ്ഥാനത്താണ് താമസിക്കുന്നത്. ഇവർക്ക് ക്വാർട്ടേഴ്സ് ലഭിക്കാൻ വൈകുന്നതിനാൽ യുവതി ഘാട്കോപ്പറിലാണ് താമസം.