Latest

അന്ന് വെടി, ഇന്ന് കുത്ത്; ബാറിൽ യുവാവിനെ പരുക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്, ലൈംഗികാതിക്രമം നടന്നെന്ന് യുവതി

കൊച്ചി ∙ കതൃക്കടവിലെ ബാറിൽ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമം ഉണ്ടായതിനെ തുടർന്നാണ് കുത്തിയതെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുക്കും. യുവാവിന്റെ ചെവിയുടെ പുറകിൽ നാല് തുന്നലുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. എറണാകുളം നോർത്ത് പൊലീസാണ് കേസെ‌ടുത്തത്. ശനി, ഞായർ ദിവസങ്ങളിലെ ഡിജെ പാർട്ടിക്ക് 3,000 രൂപ വരെയാണ് ഹോട്ടലിൽ ഫീസ് ഈടാക്കിയിരുന്നത്.

ഒരു വർഷം മുൻപു വെടിവയ്പു നടന്ന കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം നടന്നത്. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണു സംഘർഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. യുവാവുമായി തർക്കിച്ച യുവതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാർ ഹോട്ടലിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടർന്നു കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി. 2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നിൽ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.