എങ്ങനെ യാത്രപറയും പൊന്നോമനേ നിന്നോട്…മിഥുന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാൻ റോഡിന്റെ ഇരുവശവുമായി കാത്തുന്ന നാട്ടുകാരുടെ മനസ്സിൽ ഈ ചോദ്യമായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും തണുത്തുറഞ്ഞ അവന്റെ ശരീരവുമായി വിലാപയാത്ര അവൻ കളിച്ചുനടന്ന, ഒടുവിൽ അവന്റെ ജീവൻ നിലച്ച തേവലക്കര ബോയ്സ് സ്കൂളിൽ എത്തി.
ആംബുലൻസ് കടന്നുപോകുന്ന വഴിയോരങ്ങളിലും നാൽക്കവലകളിലും നിരവധി പേരാണ് മിഥുനെ അവസാനമായി കാണാൻ കാത്തുനിന്നത്. തേവലക്കര സ്കൂളിൽ അവനെ കാത്തിരിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട സഹപാഠികളും അധ്യാപകരും മാത്രമല്ല നാടൊന്നാകെയാണ്. രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിലും, പ്രിയപ്പെട്ടവന് കണ്ണീരോടെ വിടചൊല്ലാനെത്തിയവർ…ഇന്നലെ വരെ കളിച്ചു നടന്ന മണ്ണിൽനിന്ന്, ഇനിയൊരിക്കലും തിരികെവരാത്ത കൂട്ടുകാരന് അന്ത്യയാത്രയേകാൻ അവന്റെ കൂട്ടുകാരും…. പ്രിയപ്പെട്ട മകന് അന്ത്യചുംബനം നൽകാൻ അമ്മ സുജയും വിദേശത്തുനിന്നും നാട്ടിലെത്തി. തുർക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കൾക്കൊപ്പം ഉച്ചയോടെ വീട്ടിലെത്തും. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ കണ്ടതോടെ അവനെ ചേർത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്കാരം.