കൊച്ചി: എട്ടാം ക്ലാസുകാരന്റെ ആധാര്‍ കാര്‍ഡില്‍ ജെന്‍ഡര്‍ കോളത്തില്‍ ആണ്‍ എന്നെഴുതിയതിന് പകരം പെണ്‍ എന്ന് രേഖപ്പെടുത്തിയത് തിരുത്താനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒരു കുടുംബം. ആധാര്‍ കാര്‍ഡിലെ തെറ്റ് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസമായി.
എടവനക്കാട് പള്ളത്ത് ഹൗസില്‍ സുജിതയുടെ മകന്‍ അദിനാല്‍ അസ്ലമിന്റെ ആധാര്‍ കാര്‍ഡിലാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തിരുത്താനായി നല്‍കിയപ്പോഴും ജീവനക്കാരിക്ക് പറ്റിയ അബദ്ധത്തെത്തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടിയായി രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് തന്നെയാണ് വിദ്യാര്‍ഥിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെ നേരില്‍ കണ്ട് പരാതി നല്‍കി. ആധാറിലെ തെറ്റ് തിരുത്താന്‍ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ഓഫീസ് വിദ്യാര്‍ഥിയുടെ പരാതി കൈമാറിയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായാണ് ജെന്‍ഡര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ നല്‍കിയപ്പോള്‍ ആണ്‍ എന്നതിനു പകരം ഓപ്പറേറ്റര്‍ പെണ്‍ എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇത് തിരുത്താനായി ആധാര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കി, തിരുത്താനവസരം ലഭിച്ചെങ്കിലും ഇതേ വേളയിലും സമാന തെറ്റ് ആവര്‍ത്തിച്ചു. തിരുത്തിയ ആധാര്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയത്. തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാലയും ഇവരോടൊപ്പം ഉണ്ടായിരുന്നു.