Kerala

തിരിച്ചെടുക്കാനാകാതെ ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ; പിഴവ് സമ്മതിച്ച് ഡോക്ടർ

തിരുവനന്തപുരം∙ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്നു യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) കുടുങ്ങിയ സംഭവത്തില്‍ പിഴവ് ഉണ്ടായതായി സമ്മതിച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാര്‍. രോഗിയുടെ ബന്ധുവുമായി ഡോക്ടര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഐസിയുവില്‍ ഗൈഡ് ലൈന്‍ ഇട്ടവരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്. എക്‌സ്റെ എടുത്തപ്പോള്‍ ഗൈഡ് വയര്‍ അകത്തു കിടക്കുന്നതായി കാണുന്നുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

പരിശോധിച്ചപ്പോള്‍, രോഗി ഐസിയുവില്‍ കിടന്നപ്പോള്‍ തുടയുടെ ഭാഗത്ത് സെന്‍ട്രല്‍ വെയിന്‍ ഇട്ടതായാണ് കണ്ടെത്തിയത്. നീളമുള്ള വയറാണ് കാണുന്നത്. ഇതു പുറത്തെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സൗകര്യമുള്ളത്. എന്നാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പുറത്തെടുത്താല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ അപകടമില്ലാത്ത ഭാഗത്താണ് അതു കിടക്കുന്നത്. യാതൊരു ദോഷവും ഇല്ല. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എടുക്കാം. തെറ്റു തന്നെയാണ് സംഭവിച്ചതെന്നു സമ്മതിക്കുന്നു. തന്റെ ഭാഗത്തുനിന്നല്ല വീഴ്ച വന്നതെന്നും ഡോക്ടര്‍ പറയുന്നു. രേഖകള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നും തനിക്കു ബന്ധമില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മന്‍സിലില്‍ എസ്.സുമയ്യ (26) യാണു ശസ്ത്രക്രിയാ പിഴവനെ തുടര്‍ന്ന് പലവിധ ശാരീരിക ബുദ്ധിമുട്ടുകളുമായി കഴിയുന്നത്. 2023 മാര്‍ച്ച് 22നു സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഡോ. രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ എന്നു സുമയ്യ പറഞ്ഞു. സുമയ്യ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി. ആശുപത്രിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ദിവ്യ സദാശിവന്‍ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.