കയ്യും കാലും ചങ്ങലകൾ കൊണ്ടു ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം മുക്കടവിൽ കുന്നിൻപ്രദേശത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കാണപ്പെട്ടു. പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുക്കടവ് പാലത്തിൽനിന്ന് 600 മീറ്ററോളം അകലെ കുന്നിൻപ്രദേശത്താണു മൃതദേഹം കണ്ടത് പിറവന്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാർഡിന്റെ ഭാഗമാണ് ഇവിടം. ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി മുളകു ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ സ്ഥലവാസികളാണു മൃതദേഹം കണ്ടത്.
സമീപത്തുനിന്നു കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബർ മരങ്ങൾ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്തു പരക്കെ കാടു പടർന്നു കിടക്കുകയുമായിരുന്നു. അതിനാൽ അൽപം ദൂരെ നിന്നാൽ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാൻ സാധിക്കാത്തവിധം ജീർണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പൊലീസ് പറഞ്ഞു. കഴുത്തിൽ സ്വർണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു.
പുനലൂർ അഗ്നിരക്ഷാസേന എത്തിയാണ് റബർ മരത്തിൽനിന്നു ചങ്ങല മുറിച്ചു നീക്കിയത്. കൂറ്റൻ ചങ്ങലയാണു കൈകാലുകൾ ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയിടുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. പൊലീസ് നായ മൃതദേഹത്തിനു സമീപത്തുനിന്നും 150 മീറ്ററോളം ദൂരം വരെ പോയി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡിഎൻഎ പരിശോധനയ്ക്കായി കൂടുതൽ സാംപിളുകളും ശേഖരിക്കും. ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.














