Kerala

പൂമ്പാറ്റേ’ എന്ന വിളി കേൾക്കാൻ ഇനി അവളില്ല;കണ്ണീരോടെ യാത്രയാക്കി ജന്മനാട്

തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറി‍ഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടിൽ വിതുമ്പി നാട്. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടം വീട്ടിൽ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഓട്ടോ ഓടിച്ച സഖിയുടെ അച്ഛൻ ജോൺപോളിനും അമ്മ പ്രഭിന്ത്യക്കും ഇവർക്കൊപ്പം യാത്രചെയ്തിരുന്ന മാമ്പള്ളി സ്വദേശി സെൽബോറിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

നാട്ടുകാരും കൂട്ടുകാരും പൂമ്പാറ്റ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന സഖിയുടെ അപ്രതീക്ഷിത വേർപാട് പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി. പ്രിയപ്പെട്ടവളുടെ മൃതദേഹം കടയ്ക്കാവൂർ എസ്എസ്‌പിബി എച്ച്എസ്എസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. തുടർന്ന് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ചർച്ചിലൊരുക്കിയ പൊതുദർശനത്തിനും വൻ ജനാവലിയാണ് എത്തിയത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള സഖിയുടെ അമ്മ പ്രഭിന്ത്യ മകളെ അവസാനമായി കാണാനെത്തിയപ്പോൾ ആശ്വസിപ്പിക്കാനറിയാതെ ബന്ധുക്കൾ ചേർത്തുപിടിച്ചു.

ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നോടെ കടയ്ക്കാവൂർ ഓവർബ്രിഡ്ജിനു സമീപമാണ് അപകടം നടന്നത്. കടയ്ക്കാവൂർ എസ്എസ്‌പിബി എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സഖി. എല്ലാ ദിവസവും സ്കൂൾ ബസ്സിൽ പോകുന്ന സഖി ചൊവ്വാഴ്ച പിടിഎ മീറ്റിങ് ഉണ്ടായിരുന്നതിനാൽ യോഗത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഖിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സ്കൂൾ കുട്ടികളെയും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നതെന്നും നാട്ടുകാർ പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.