കോട്ടയം∙ വൈക്കത്ത് കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരഞ്ഞുവെന്നാരോപിച്ച് ഗ്രേഡ് എസ്ഐയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമർദനമാണെന്ന് ബസ് ഡ്രൈവർ കെ.പി.വേലായുധൻ. പ്രകോപനമില്ലാതെ ഉദ്യോഗസ്ഥൻ തന്നെ മർദിക്കുകയായിരുന്നുവന്നും കേട്ടാലറക്കുന്ന തെറിയാണ് ജനക്കൂട്ടം നോക്കിനിൽക്കെ തന്നെ വിളിച്ചതെന്നും വേലായുധൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധന് ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് വൈക്കത്ത് വച്ച് മർദനമേറ്റത്. മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം ആരോപിച്ച പൊലീസ് ബ്രത്ത് അലനൈസർ വച്ച് ഊതിച്ചുനോക്കിയെന്നും ഇത് തെളിയാതെ വന്നതോടെ ഭീഷണിപ്പെടുത്തിയെന്നും വേലായുധൻ പറയുന്നു. പാലക്കാട് ചാലിശേരി സ്വദേശിയായ കെ.പി.വേലായുധനെ (48) ഇന്നലെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
‘‘രാവിലെ 6.20നാണ് മൂന്നാർ – ആലപ്പുഴ കെഎസ്ആർടിസി ബസ് പുറപ്പെട്ടത്. 11.30യ്ക്ക് വൈക്കത്ത് എത്തി. 11.45നു വൈക്കം – വെച്ചൂർ റോഡിൽ തലയാഴം കെഎസ്ഇബി ഓഫിസിനു സമീപത്ത് വച്ചായിരുന്നു സംഭവം. ചെറിയ റോഡായിരുന്നതിനാൽ വാഹനങ്ങൾ വളരെ പതുക്കെയാണ് പോയിരുന്നത്. റോഡിൽ കോൺഗ്രസിന്റെ പ്രതിഷേധ സമരം നടന്നിരുന്നു. അതിനാൽ തന്നെ നല്ല രീതിയിൽ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് തലയാഴം പഞ്ചായത്ത് ഓഫിസിനു സമീപത്ത് വച്ച് ബസിന്റെ പിൻഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരഞ്ഞത്. വാഹനം ഉരസിയ കാര്യം ഞാൻ അറിഞ്ഞില്ല. ബസുമായി മുന്നോട്ടുപോയതോടെ പിന്നിൽ നിന്ന് വന്ന ബൈക്കുകാരൻ പൊലീസ് ഉച്ചത്തിൽ ഹോണടിക്കുന്നുവെന്നും വാഹനത്തിൽ ഉരഞ്ഞതായും പറഞ്ഞു. ഇതോടെ ബസ് ഒതുക്കി നിർത്തി പുറത്തിറങ്ങി’’ – വേലായുധൻ പറയുന്നു.
‘ഉടനെ വാഹനത്തിൽ നിന്ന് ഗ്രേഡ് എസ്ഐ ആക്രോശിച്ചു കൊണ്ട് പുറത്തിറങ്ങി. ഷർട്ടിൽ കുത്തിപിടിച്ചു. വയറ്റിലും കുത്തി. കണ്ണില്ലാതെയാണോ വണ്ടി ഓടിക്കുന്നതെന്ന് ചോദിച്ചു. പിന്നാലെ കേട്ടാലറക്കുന്ന തെറിയും വിളിച്ചു. ഞാൻ തട്ടിയത് കണ്ടില്ലെന്ന് പറഞ്ഞെങ്കിലും ഗ്രേഡ് എസ്ഐ തെറിവിളി തുടർന്നു. തുടർന്ന് മദ്യപിച്ചിട്ടാണ് ഞാൻ വാഹനം ഓടിക്കുന്നതെന്ന് അവർ പറഞ്ഞു. ഡിപ്പോയിൽ നിന്ന് വാഹനം എടുക്കുമ്പോൾ എല്ലാ പരിശോധനയും നടത്തിയിരുന്നുവെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ബ്രത്ത് അനലൈസർ കൊണ്ടുവന്ന് എന്നോട് ഊതാൻ പറഞ്ഞു. അതിലും ഒന്നും തെളിഞ്ഞില്ല. ഇതോടെ തന്റെ കരണത്ത് ഗ്രേഡ് എസ്ഐ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ചെവിയിലും പല്ലിലും ശക്തമായ വേദന അനുഭവപ്പെട്ടു. കണ്ണ് ചുവന്ന് കലങ്ങി. പിന്നാലെ നിന്നെ കാണിച്ചു തരാമെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയായിരുന്നു ഈ സംഭവമെല്ലാം നടന്നത്’’ – വേലായുധൻ പറഞ്ഞു.
‘പിന്നാലെ ബസ് എടുത്തുകൊണ്ടു പോകാൻ ഉദ്യോഗസ്ഥൻ ആക്രോശിച്ചു. ഞാൻ ബസ് എടുക്കില്ലെന്ന് പറഞ്ഞു. മർദനത്തിൽ പരുക്കേറ്റതിനാൽ ആശുപത്രിയിൽ പോകുകയാണെന്നും പറഞ്ഞു. ബസിലെ 29 യാത്രക്കാരിൽ 22പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളായിരുന്നു. ഇവരെ മറ്റൊരു കെഎസ്ആർടിസി ബസിലാണു കയറ്റിവിട്ടത്. തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായി. കണ്ണിന്റെയും പല്ലിന്റെയും ഡോക്ടർമാരെ കാണിച്ചു. ചെവിക്ക് ഇപ്പോഴും നല്ല വേദനയുണ്ട്. മുഖത്തിന്റെ എക്സ് – റേ എടുക്കാൻ നിർദേശമുണ്ട്. താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കോർപറേഷൻ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മർദിച്ച സംഭവത്തിലും ബസിന്റെ ട്രിപ്പ് മുടക്കിയ സംഭവത്തിലുമാണ് പരാതി’’ – വേലായുധൻ പറഞ്ഞു.














