Kerala

മാഡം ഇപ്പോഴാണോ ഉണർന്നത്’… താമസിച്ചെത്തിയ മഴ അവധി, തലസ്ഥാനത്ത് കലക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം

തിരുവനന്തപുരം ∙ കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ രക്ഷിതാക്കൾ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

“കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണർന്നത്”. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കുറിച്ചു. സ്കൂളിൽ പോകാൻ കുട്ടികൾ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതൽ പേരും ആക്ഷേപം ഉന്നയിച്ചത്. “ഒരു ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുൻപ് വരെയും നോക്കിയതാ. സ്കൂൾ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുൻപ് അപ്ഡേറ്റ്” എന്നാണ് മറ്റൊരു രക്ഷിതാവിന്റെ പരാതി.

അതേസമയം, കലക്ടർക്കും മുൻപേ അവധി വിവരം ഫെയ്സ്ബുക് പേജിൽ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമർശിച്ചും കലക്ടറെ വിമർശിച്ചവരുണ്ട്. കലക്ടറുടെ ഫെയ്സ്ബുക്കിൽ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുൻപേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്. സാധാരണ മഴ പെയ്യുമ്പോൾ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടർക്ക് വിദ്യാർഥികളുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്, അവധി നൽകിയപ്പോൾ താമസിച്ചതിനു രക്ഷിതാക്കളും വിമർശനവുമായി എത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.