കൊച്ചി ∙ ഭൂട്ടാൻ കാർ കള്ളക്കടത്തു സംഘം ചെന്നൈയിലെ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണറേറ്റിന്റെ പേരിലുള്ള വ്യാജരേഖകൾ ചമച്ചും ആഡംബരക്കാറുകൾ വിറ്റു. ചാൾസ് രാജാവ് 2019 ൽ ബെംഗളൂരു സന്ദർശിച്ചപ്പോൾ സഞ്ചരിച്ച കാറെന്ന പേരിലാണ് കച്ചവടം നടത്തിയത്. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത കാർ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിട്ടനിലേക്കു തിരികെ പോകും മുൻപു മറിച്ചു വിറ്റതാണെന്നും റാക്കറ്റിന്റെ ഏജന്റ് ഇടപാടുകാരനെ ധരിപ്പിച്ചു.
ഭൂട്ടാൻ റോയൽ ആർമി ഒഴിവാക്കുന്ന കാറുകൾക്കൊപ്പം ഇന്ത്യയിലേക്കു കടത്തുന്ന മോഷ്ടിച്ച കാറുകൾ എങ്ങനെയാണു ഭൂട്ടാനിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സമുദ്രാതിർത്തിയും രാജ്യാന്തര റെയിൽപാതയുമില്ലാത്ത ഭൂട്ടാനിൽ റോഡ് മാർഗവും വിമാനത്തിലുമാണു കാറുകൾ എത്തിക്കാൻ കഴിയുക. ഭൂട്ടാനിലെ പാരോ ഇന്റർനാഷനൽ എയർപോർട്ട് വഴി ആഡംബരക്കാറുകൾ കടത്തിയതായി ഇതുവരെ റിപ്പോർട്ടുകളോ വിവരങ്ങളോ ഇല്ല. വലിയ ചരക്കുവിമാനങ്ങൾ ഇറക്കാൻ കഴിയുന്ന എയർപോർട്ടല്ല പാരോ. കരവഴിയാണെങ്കിൽ അത് ഇന്ത്യയുടെയും ചൈനയുടെയും അതിർത്തി വഴിയേ കടത്താൻ കഴിയൂ. മോഷ്ടിച്ച കാറുകൾ ഇന്ത്യൻ തുറമുഖങ്ങൾ വഴി റാക്കറ്റ് ഇറക്കിയിട്ടുണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.














