Kerala

മഞ്ചാടിക്കുരു വലുപ്പമുള്ള ക്യാമറ; ഒളിപ്പിച്ചത് ഷർട്ടിൽ, പിഎസ്‌സി ഉദ്യോഗസ്ഥർ ഞെട്ടി, ‘ഹൈടെക്’ കോപ്പിയടി പൊളിഞ്ഞതിങ്ങനെ

മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള ക്യാമറ ഉദ്യോഗാർഥിയുടെ വസ്ത്രത്തിൽ! കാഴ്ച കണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർ ഞെട്ടി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പരീക്ഷാ ഹാളിൽനിന്ന് ഓടിരക്ഷപ്പെടാൻ ഉദ്യോഗാർഥിയുടെ ശ്രമം. അപ്പോഴേക്കും, ദേഹത്ത് ഒളിപ്പിച്ച വൈഫൈ റൂട്ടറും നിലത്തു വീണു. സെപ്റ്റംബർ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) പരീഷയിൽ തട്ടിപ്പ് നടത്തിയ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ (27) പിന്നീട് പിടികൂടി. ഇയാൾ റിമാന്‍ഡിലാണ്. പിഎസ്‌സി ഉദ്യോഗസ്ഥന്റെ ജാഗ്രതയാണ് തട്ടിപ്പ് പൊളിച്ചത്.

‘ഹൈടെക്’ കോപ്പിയടിക്കായിരുന്നു സഹദിന്റെ ശ്രമം. ക്യാമറയിലൂടെ ചോദ്യപേപ്പർ പകർത്തി, സുഹൃത്തിന് അയച്ചുകൊടുത്ത് ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു സഹദ്. കറുപ്പെന്ന് തോന്നിപ്പിക്കുന്ന കടുത്ത നീലനിറത്തിലുള്ള ഷർട്ടിന്റെ ഒരു ബട്ടൺ അഴിച്ചു മാറ്റിയാണ് ചെറിയ ക്യാമറ മുഹമ്മദ് സഹദ് ഘടിപ്പിച്ചത്. ബട്ടൺ മാറ്റിയ സ്ഥലത്ത് സേഫ്റ്റി പിൻ ഘടിപ്പിച്ചു. പുറത്തുള്ള സുഹൃത്തിനു ചോദ്യപേപ്പർ അയച്ചു കൊടുക്കാൻ ക്യാമറയ്ക്കു നേരെ വച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പിടികൂടിയത്. നേരത്തേ നിരീക്ഷണത്തിലുള്ള ആളായിരുന്നു സഹദ്. ഇയാൾ എഴുതിയ മറ്റു പരീക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യും. നാല് പരീക്ഷകളിൽ സമാനമായ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതായും കണ്ടെത്തി.

കോപ്പിയടിക്കാൻ മുഹമ്മദ് സഹദിനെ സഹായിച്ച പെരളശ്ശേരി സ്വദേശി എ.സബീലിനെയും (23) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്ഐ ദീപ്തി വി.വി., എസ്.ഐ കെ.അനുരൂപ്, എസ്.ഐ പി.വിനോദ് കുമാർ, എസ്‌സിപിഒ സജിത്ത്, സിപിഒ രോഹിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.