Kerala

അമ്മയുമായി ബന്ധമെന്ന് സംശയം; പാചകത്തൊഴിലാളിയെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

തിരുവനന്തപുരം ∙ കോവളത്ത് ബന്ധുവീട്ടില്‍ താമസിച്ചിരുന്നയാളെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പാചകത്തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

രാജേന്ദ്രനു തന്റെ അമ്മയുമായി ബന്ധം ഉണ്ടെന്നു സംശയിച്ചാണ് രാജീവ്, രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റസമ്മതം നടത്തി. കഴുത്ത് ഞെരിച്ചാണ് രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. 17ന് ആണ് വീടിന്റെ ടെറസിനു മുകളില്‍ രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ശരീരത്തില്‍ ബലപ്രയോഗം നടത്തിയിട്ടുണ്ടാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

സംശയത്തിന്റെ പേരില്‍, അഞ്ചു വര്‍ഷമായി പ്രതിക്ക് രാജേന്ദ്രനുമായി വൈരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാജേന്ദ്രന്‍ രാജീവിന്റെ വീട്ടിലെത്തി അമ്മയോട് വഴക്കിട്ടിരുന്നു. സംഘര്‍ഷത്തില്‍ രാജീവിന്റെ അമ്മയുടെ കൈയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം രാജേന്ദ്രന്‍ അടുത്തുള്ള ബന്ധുവീട്ടിലേക്കു പോയി ടെറസില്‍ ഇരിക്കുമ്പോള്‍ രാജീവ് അവിടേയ്ക്ക് ചെന്നു വഴക്കുണ്ടാക്കി. ടെറസില്‍വച്ച് ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും ഇതിനിടെ രാജീവ് രാജേന്ദ്രനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനു ശേഷം രാജീവ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

രണ്ടു ദിവസത്തിനു ശേഷം ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് ടെറസിലെ മൃതദേഹം ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടത്. പോസ്റ്റ‌്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതക സാധ്യത പരിശോധിച്ചത്. തുടര്‍ന്ന് രാജീവിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ രാജീവിന്റെ ശരീരത്തിലും ബലപ്രയോഗത്തിനിടെ ഉണ്ടായ മുറിവ് കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന രാജേന്ദ്രന്‍ മകനുമായി ബന്ധം സൂക്ഷിച്ചിരുന്നു. അനാരോഗ്യം ബാധിച്ചതിനാല്‍ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും വീട്ടിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചതിനു തൊട്ടുമുന്‍പുള്ള ദിവസമാണ് മൃതദേഹം കണ്ടെത്തിയതെന്നും പറയുന്നു. പാചകക്കാരനായിരുന്ന രാജേന്ദ്രന്‍ തലസ്ഥാനത്ത് കിള്ളിപ്പാലത്തെ പ്രമുഖ ഫാസ്റ്റ് ഫുഡ് കടയിലാണ് ജോലി ചെയ്തിരുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.