സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുമോ? ഇന്ന് ഒറ്റദിവസം പവന് 1,040 രൂപ ഉയർന്ന വില, ചരിത്രത്തിലാദ്യമായി 86,000 രൂപയും ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ ഒറ്റക്കുതിപ്പുമായി ഗ്രാം വില 10,845 രൂപയിലുമെത്തി. ഇന്ന് സ്വർണം വാങ്ങിയാൽ 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽതന്നെ, ഒരു ഗ്രാം ആഭരണത്തിന് 11,735 രൂപയാകും. ഒരു പവൻ ആഭരണം വാങ്ങാൻ 93,885 രൂപയും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ ഒരു ഗ്രാമിന്റെ വാങ്ങൽവില 12,300 രൂപയ്ക്കടുത്താണ്. ഒരു പവന് 98,355 രൂപയും.
ഇന്നലെയും ഇന്നുമായി മാത്രം ഗ്രാമിന് കേരളത്തിൽ 260 രൂപ കൂടി; പവന് 2,080 രൂപയും. സ്വർണക്കുതിപ്പിന്റെ ആവേശം കത്തിനിന്ന മാസവുമാണ് സെപ്റ്റംബർ. 77,640 രൂപയായിരുന്നു ഈ മാസം ഒന്നിന് പവൻവില. ഈയൊരു ഒറ്റമാസംകൊണ്ട് പവൻ കുതിച്ചുകയറിയത് 9,120 രൂപ; ഗ്രാമിന് 260 രൂപയും വർധിച്ചു.














