വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും കൊള്ള നടത്തിയിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാർ. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ ഗുരുതരമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ ഇതുപോലെ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. ദേവസ്വം ബോർഡിന് എന്തെങ്കിലുമൊരു കുഴപ്പം വരുത്താൻ ശ്രമിക്കുന്നവരല്ലെന്നും പദ്മകുമാർ പറഞ്ഞു.
‘‘ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് ആരെങ്കിലും കൊള്ള നടത്തിയിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഒരാൾ ശബരിമലയിലേക്ക് ഒരു ഓഫർ പറഞ്ഞാൽ അത് നല്ലതാണെങ്കിൽ സ്വീകരിക്കും. പക്ഷേ, അത് ഉപയോഗിച്ച് മോശം പ്രവൃത്തികൾ ചെയ്തിട്ടുണ്ടോയെന്നാണ് അന്വേഷിക്കേണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വ്യക്തിപരമായി ഞങ്ങളുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ഒരു കാര്യം ചെയ്യാമെന്നേറ്റ് മുന്നോട്ടുവരികയായിരുന്നു. ദേവസ്വം ബോർഡ് എടുത്ത തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അവർ അത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം അന്വേഷണത്തിൽ പരിശോധിക്കട്ടെ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ ഇതുപോലെ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം നടത്തണം. ഞങ്ങൾ ദേവസ്വം ബോർഡിന് എന്തെങ്കിലുമൊരു കുഴപ്പം വരുത്താൻ ശ്രമിക്കുന്നവരല്ല. ശബരിമലയ്ക്ക് ദോഷം വരുന്ന ഒരു തീരുമാനവും അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, ശബരിമലയെ ഒരുവിഭാഗം പണസമ്പാദനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ’’– എ.പദ്മകുമാർ പറഞ്ഞു.