കൊല്ലം∙ പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി ജയന്തി നഗർ സ്വദേശി ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. അലർച്ച കേട്ടെത്തിയവരാണ് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടത്. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം’ എന്ന് ഗോകുൽ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അരുണും കൂടി ചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് അരുൺ കടന്നു കളയുകയായിരുന്നു. പരേതനായ രഘുനാഥൻ പിള്ളയുടെ മകനാണ് മരിച്ച ഗോകുൽനാഥ്.