കൽപ്പറ്റ: കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർവീസുകൾ വ്യാപകമായി മുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള പല ബസുകളും ഓട്ടം നിർത്തി. മാനന്തവാടി, ബത്തേരി ഡിപ്പോകളിലും സമാനമായ പ്രതിസന്ധിയുണ്ട്.
കൽപ്പറ്റയിൽ നിന്ന് വടുവൻചാൽ, മാനന്തവാടി, വൈത്തിരി ഭാഗങ്ങളിലേക്കുള്ള നാല് സർവീസുകൾ പൂർണ്ണമായും മുടങ്ങി. മുണ്ടക്കൈ, ചോലാടി, മാനന്തവാടി റൂട്ടുകളിലെ ബസുകൾ ഒരു ട്രിപ്പ് മാത്രം നടത്തി ഓട്ടം അവസാനിപ്പിച്ചു. രാവിലെ 8:30-ന് ശേഷം ചൂരൽമല ഭാഗത്തേക്ക് സർവീസുകളൊന്നും ഉണ്ടായിട്ടില്ല.ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൃത്യമായി പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മാനേജ്‌മെന്റിന്റെ അനാസ്ഥയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇന്ധനം അടിയന്തരമായി എത്തിച്ചില്ലെങ്കിൽ വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഗതാഗതം പൂർണ്ണമായും നിലയ്ക്കുമെന്ന സ്ഥിതിയാണ്.