Kerala

ദിയയുടെ സ്ഥാപനത്തിൽനിന്ന് തട്ടിയത് 66 ലക്ഷം; പണം ആഡംബര ജീവിതത്തിന് ഉപയോഗിച്ചു

തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി.

ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ക്കുകയായിരുന്നു. വിശ്വാസ വഞ്ചന, മോഷണം, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. പ്രതികള്‍ രണ്ടു വര്‍ഷം കൊണ്ടാണ് ഇത്രയും പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

ഇവർ ഈ പണം ഉപയോഗിച്ച് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.ദിയയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡ് നല്‍കി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ദിയ ഇല്ലാത്ത സമയത്ത് നടക്കുന്ന വില്‍പ്പനയുടെ പണം ഇവരുടെ ക്യുആര്‍ കോഡിലേക്കു വാങ്ങിയെടുക്കുകയായിരുന്നു. അതിനിടെ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസില്‍ അന്വേഷണം തുടരുകയാണ്. മൂന്നു ജീവനക്കാരികള്‍ പണം തട്ടിയെന്നു കാണിച്ച് കൃഷ്ണകുമാര്‍ തിരുവനന്തപുരം അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇവര്‍ക്കെതിരായ പരാതി. ഇതില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.