പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.
2023 ൽ നിർമ്മാണം ആരംഭിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ പ്രവൃത്തികൾക്കായി, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വൈദ്യുതി വേലിയും കിടങ്ങുകളും 2023 സെപ്റ്റംബറിൽ സൈറ്റ് ക്ലീറിങ്ങിനായി തകരാറിൽ ആക്കിയിട്ടുണ്ട്. തന്മൂലം മേൽസൂചിപ്പിച്ച പ്രദേശങ്ങളിൽ മുന്പില്ലാത്തവിധം ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം വലിയതോതിൽ വർധിച്ചിട്ടുണ്ട്.
ഡിസംബർ 2 നു പുലർച്ചെ 5.45 നു മൈസൂരിലേക്ക് റെയിൽവേ ബോർഡിൻറെ പരീക്ഷ എഴുതുന്നതിനായി ബസ് കയറാൻ പുഞ്ചവയലിലേക്ക് പോകവെയാണ് നീർവാരം സ്വദേശിയായ സത്യജ്യോതിയും (22 വയസ്) കൂടെ പോയ അച്ഛനും പനമരം – ദാസനക്കര റോഡിൽ അമ്മാനിക്കവലക്ക് സമീപം വെച്ച് ആനയുടെ മുൻപിൽ പെടുന്നത്. പരിക്ക് പറ്റിയ സത്യജ്യോതിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്കെ കൊണ്ടുപോയെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
തൊട്ടടുത്ത അമ്മാനി വനമേഖലയിൽ നിന്നുമാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടുള്ളത്, ക്രാഷ് ഗാർഡ് വേലിക്കുവേണ്ടി നിലവിലുണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെട്ടതിനാൽ ആനയ്ക്ക് പ്രയാസമില്ലാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
നികത്തപ്പെട്ട കിടങ്ങ് എത്രയും പെട്ടന്ന് പൂർവസ്ഥിതിയിൽ ആക്കുകയും നശിപ്പിക്കപ്പെട്ട വൈദ്യുതി വെലി എത്രയും പെട്ടന്ന് പ്രവർത്തനക്ഷമമാക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ ആനശല്യവും നാശനഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഈ പ്രദേശത്തെ ജനജീവിതത്തെയും കൃഷിയെയും എല്ലാം സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ താമസംവിനാ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നു അവാനശ്യപ്പെട്ടുകൊണ്ട് 2024 മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകിയിട്ടുള്ളതാണ്.
ഈ വിഷയത്തിൽ 2024 ഫെബ്രുവരി 21; 2024 ജൂലൈ 23; 2025 ഫെബ്രുവരി 12; 2025 മെയ് 21, 23 എന്നീ തീയതികളിൽ നീർവാരം പ്രദേശത്തെ വന്യ ജീവി ശല്യവുമുയി ബന്ധപ്പെട്ട്, നിരന്തരം ഇമെയിൽ മുഖേന പരാതികൾ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും വയനാട് ജില്ലാ കളക്ടർക്കും CWW, PCCF, APCCF എന്നിവർക്കും വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിട്ടും നീർവാരം സ്വദേശിയായ ദിലീപ് കുമാർ പരാതികൾ നൽകിയിട്ടുള്ളതാണ്. എന്നാൽ ഇന്നേവരെ ഈ വിഷയം പരിഹരിക്കാനുള്ള യാതൊരു ഇടപെടാലും വനം വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതായി കാണുന്നില്ല.
രണ്ടാഴ്ച മുൻപ് നവംബർ മാസം 14 ന് ഒരു പരിപാടിയിൽ വെച്ച് DFO അജിത് കെ രാമനെ കണ്ടപ്പോൾ നീർവാരത്തെ ആന ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും ക്രാഷ് ഗാർഡ് പ്രവൃത്തി നടക്കാത്ത വിഷയവും നെൽ കതിരാക്കുന്ന മുറക്ക് ഇവിടങ്ങളിൽ ആന ശല്യം വർധിക്കുമെന്നും പ്രദേശവാസികളുടെ ജീവനെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്നും ഇതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് അടിയന്തരമായി ഇടപെടണം എന്നും അറിയിച്ചിട്ടുള്ളതാണ്.
ക്രാഷ് ഗാർഡ് വേലിയുടെ പ്രവർത്തികൾ രണ്ടു തവണ കരാറുകാരന് കാലാവധി നീട്ടി നൽകിയിട്ടുണ്ട്, ഇനിയും നിർദിഷ്ട പ്രവൃത്തിയുടെ പകുതിപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഈ പ്രവർത്തി ആശാസ്ത്രീയവും പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമാല്ലാത്തതും ആണെന്ന് ഇതിന്റെ തുടക്കം മുതൽ ചൂണ്ടിക്കാണിക്കുന്നതാണ്, വനം വകുപ്പിന്റെ രണ്ടു യോഗങ്ങളിൽ ഈ വിഷയം ഉന്നയിച്ചിട്ടുള്ളതുമാണ്. തകരാറിൽ ആക്കിയിട്ടുള്ള വൈദ്ദ്യതി വേലിയും കിടങ്ങുകളും പുനസ്ഥാപിക്കണമെന്നു 2024ൽ വനം വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ അവശ്യങ്ങളും നിർദേശങ്ങളും പരിഗണിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല എന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഈ വിഷയത്തിൽ വനം വകുപ്പും സർക്കാർ സംവിധാനങ്ങളും നടത്തുന്ന അനങ്ങാപ്പാറനയം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയാണ് സംജാതമാക്കിയിട്ടുള്ളത്.
നിലവിലെ ക്രാഷ് ഗാർഡ് പദ്ധതി നിർവഹണത്തിലെ അനിശ്ചിതത്വവും കാലതാമസവും ആന ശല്യം മൂലം കാർഷിക മേഖലയിലുണ്ടാകുന്ന നാശനഷ്ടങ്ങളും ജനങ്ങൾക്ക് ജീവഹാനിയുൾപ്പെടെ കഷ്ടതകൾ ഉണ്ടാകാനുള്ള വർധിച്ച സാധ്യതയും പരിഗണിച്ച് അടിയന്തിര ഇടപെടൽ അനിവാര്യമാണ്. ക്രാഷ് ഗാർഡ് ഫെൻസിഗ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്ന അവസ്ഥയിൽ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭ്യമാക്കുന്നതിനായി 2023 സെപ്റ്റംബർ മാസം വരെ പ്രവർത്തന ക്ഷമമായിരുന്ന കിടങ്ങ് പൂർവസ്ഥിതിയിൽ ആക്കുകയും വൈദുതി വേലി പുനഃസ്ഥാപിക്കുയും ആണ് വേണ്ടത്.
വളരെ ഗൗരവതരമായ ആനശല്യം പരിഹരിക്കാൻ പുതുതായി നിർമ്മിക്കുന്ന ക്രാഷ് ഗാർഡ് വേലി പക്ഷെ നിലവിൽ ഉണ്ടായിരുന്ന പ്രതിരോധ മാർഗങ്ങൾ പാടെ തകർത്തിട്ടാണ് പ്രവൃത്തി തുടങ്ങിയിട്ടുള്ളത്. മാത്രമല്ല, 2020 ൽ ടെക്നിക്കൽ സാങ്ഷനും അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ലഭ്യമായിട്ടുള്ള ഈ പദ്ധതി അഞ്ചുവർഷത്തോളമായിയും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്നത് ഗുരുതരമായ പ്രശ്‌നമാണ്. പ്രവൃത്തി തുടങ്ങി രണ്ടുതവണ കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടും ഇത് പൂർത്തീകരിക്കാൻ കാറുകാരൻ നടപടികൾ സ്വീകരിക്കുന്നുമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടുന്നതിനായി ആവിഷ്കരിച്ച ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പിലാക്കി പ്രവർത്തനക്ഷമക്കേണ്ടുന്ന ഇത്തരമൊരു പദ്ധതി മറ്റു പൊതുമരാത് പ്രവൃതികൾ പോലെ അനിശ്ചിതമായി നീണ്ടുപോകുന്നത് അഭികാമ്യമല്ല, അംഗീകരിക്കാവുന്നതുമല്ല.
2024 ൽ വനം വിജിലൻസിൽ ഉൾപ്പെടെ സമർപ്പിക്കപ്പെട്ട പരാതിയിൽ വനം ഫ്ലയിങ് സ്ക്വാഡ് അന്വേഷണം നടത്തുകയും, നീർവാരത്തെ വനമേഖലയിൽ ക്രാഷ് ഗാർഡ് പ്രവൃത്തിയുടെ സൈറ്റ് ക്ലീയറിങ്ങിനുവേണ്ടി താത്കാലികമായി മാറ്റിയ വന്യജീവി പ്രതിരോധ മാർഗങ്ങൾ പുനസ്ഥാപിച്ചു എന്ന തെറ്റായ റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ജനങ്ങളുടെ ജീവന് ഭീഷണി ഉൾപ്പെടേ നിലനിൽക്കുന്ന സാഹചര്യത്തെ ലളിത വൽക്കരിച്ചുകൊണ്ട് വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് വനം ഫ്ലയിങ് സ്ക്വാഡ് നൽകിയത് ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയ്ക്കു കാരണക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ക്രാഷ് ഗാർഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെയും സംരക്ഷിക്കാനാണ് എന്നു പരാതിക്കാരനായ ദിലീപ് കുമാർ പറയുന്നു.
ഈ പദ്ധതിയുടെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്നത് പദ്ധതിക്കാവശ്യമായ സാങ്കേതിക-സാധ്യതാ പഠനങ്ങളും പ്രയോഗികതയുമായി ബന്ധപ്പെട്ട ഫീൽഡ് പഠനങ്ങളും ഈ പദ്ധതിയുടെ ശാസ്ത്രീയതയും ഇത് നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട ഗൃഹപാഠവും വനം വകുപ്പ് വേണ്ടരീതിയിൽ ചെയ്തിട്ടില്ല എന്നതാണ്. മാത്രമല്ല, പ്രവൃത് ഏറ്റെടുത്ത കരാറുകാരന് ഇത്തരം പ്രവൃത്തി നടപ്പിലാക്കുന്നതിലുള്ള സാങ്കേതിക വൈദഗ്ധ്യവും പ്രായോഗിക പരിജ്ഞാവും അനുഭവസമ്പത്തും ഉണ്ടോ എന്ന് പരോശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും പന്താടുന്ന ഉദ്യോഗസ്ഥ-കോൺട്രാക്ടർ അവിശുദ്ധ കൂട്ടുകെട്ടുകളും അഴിമതിയും ഈ പദ്ധതിയിൽ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. ഈ പ്രവൃത്തിയുടെ നിർവഹണത്തിൽ തുടർച്ചയായി വീഴ്ച വരുത്തികൊണ്ടിരിക്കുന്ന നിർവഹണ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും സർക്കാർ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.














