പുല്‍പ്പള്ളി: വിദ്യാര്‍ഥിനിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ വേട്ടറമ്മല്‍ രാജു ജോസിനെയാണ്(53)ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയും വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ മഹാലക്ഷ്മിക്കുനേരേയാണ്(14)കഴിഞ്ഞ ദിവസം പ്രതി ആസിഡ് ആക്രമണം നടത്തിയത്.
ഉന്നതിയിയിലെ മണികണ്ഠന്റെ മകളാണ് മഹാലക്ഷ്മി. മുഖത്ത് ഗുരുതര പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയെ ഉന്നതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആസിഡ് കുപ്പി പോലീസ് കണ്ടെടുത്തു.മഹാലക്ഷ്മി സ്‌കൂള്‍ വിട്ടുവന്നതിനു പിന്നാലെയാണ് രാജു ജോസ് അതിക്രമം നടത്തിയത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
എസ്പി കേഡറ്റാണ് മഹാലക്ഷ്മി. വീട്ടിലെത്തിയ പ്രതി ആവശ്യപ്പെട്ടതുപ്രകാരം എസ്പിസി യൂണിഫോം നല്‍കാന്‍ കുട്ടി വിസമ്മതിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം. പ്രതി അയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്നാണ് മഹാലക്ഷ്മിയുടെ മുഖത്ത് ഒഴിച്ചത്. നിലവിളികേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷ്, എസ്‌ഐ ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.മഹാലക്ഷ്മിയുടെ വീട് സിപിഎം നേതാക്കളായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, ടി.കെ. ശിവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.














