ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത് എന്തിനാണോ ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണെന്ന് പാക്ക് സിഡിഎഫ് (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്) അസിം മുനീർ. പാക്ക് മാധ്യമമായ ‘ദി ഇന്റർനാഷനൽ ന്യൂസു’മായുള്ള അഭിമുഖത്തിലാണ് അസിം മുനീർ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഭീകരവാദികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാക്കിസ്ഥാന് അറിയാമെന്നും അസിം മുനീർ പറഞ്ഞു.
‘‘ഭീകരരെ ഫലപ്രദമായി പാക്കിസ്ഥാൻ കൈകാര്യം ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടതിന്റെ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന് ദൈവം ചരിത്രപരമായ അവസരം നൽകിയിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്. ഇസ്ലാമിന്റെ പേരിലാണ് പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടത്. ഇന്ന് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാന് പ്രത്യേക പദവിയും പ്രാധാന്യവും ഉണ്ട്. പാക്കിസ്ഥാന്റെ ആഗോള നിലവാരവും സാമ്പത്തിക നിലയും ഗണ്യമായി ശക്തിപ്പെട്ടു. വരും വർഷങ്ങളിൽ രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ കൂടുതൽ അംഗീകാരം നേടുമെന്ന് തനിക്ക് വിശ്വാസമുണ്ട്’’ – അസിം മുനീർ പറഞ്ഞു.














