അബുദാബി ∙ യുഎഇയിൽ നിന്നു കേരളത്തിലേക്ക് അവശേഷിച്ച എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാന സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും ഇതോടൊപ്പം നിർത്തലാക്കുന്നുണ്ട്. വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്നു രണ്ടു സർവീസുകളും അപ്രത്യക്ഷമായി.
ടിക്കറ്റ് ബുക്ക് ചെയ്യാനായി എയർ ഇന്ത്യയിൽ നേരിട്ടു വിളിച്ചപ്പോഴും മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചി, ഹൈദരാബാദ് സർവീസ് നിർത്തലാക്കിയതായി സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് എയർ ഇന്ത്യ വിമാനം പിൻവലിച്ചു ദീർഘദൂര സെക്ടറുകളിൽ വിന്യസിപ്പിക്കുകയാണെന്നാണു വിശദീകരണം. പിൻവലിച്ച രണ്ടു സെക്ടറുകളിലും ബജറ്റ് എയർലൈനായ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തും.
സീസൺ ഭേദമെന്യേ നിറയെ യാത്രക്കാരുണ്ടായിരുന്ന ദുബായ്-കൊച്ചി സെക്ടറിൽ നിന്നു ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ നിർത്തലാക്കുന്നതു പ്രവാസി മലയാളികൾക്കു തിരിച്ചടിയാണ്. സാധാരണക്കാർ മുതൽ ബിസിനസുകാർ, താരങ്ങൾ, സമ്പന്നർ വരെ കുറഞ്ഞ നിരക്കിൽ ഇക്കോണമി, ബിസിനസ് ക്ലാസിൽ പതിവായി യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ നിർത്തലാക്കുന്നതു മലയാളികൾക്കു മാത്രമല്ല മറുനാട്ടുകാർക്കും വൻ നഷ്ടമാണ്.
വിമാന കമ്പനി സ്വകാര്യവൽക്കരിച്ചതിനു ശേഷം കേരളത്തിലേക്കുള്ള എയർഇന്ത്യയുടെ ഒട്ടേറെ സർവീസ് നിർത്തലാക്കിയപ്പോൾ നിലനിർത്തിയ ഏക സർവീസും ദുബായ്-കൊച്ചിയായിരുന്നു. ഈ സെക്ടറിൽ മറ്റു വിദേശ വിമാന കമ്പനികളുടെ നിരക്കിനെക്കാൾ കുറവായിരുന്നു എയർ ഇന്ത്യയുടേത്. അതിനാൽ കൂടുതൽ പേരും ആശ്രയിച്ചിരുന്നതും ഈ സേവനത്തെയായിരുന്നു.
ഇതു കൂടി നിർത്തലാക്കുന്നതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കു പ്രത്യേകിച്ചു സീസൺ സമയങ്ങളിൽ ക്രമാതീതമായി ഉയരാനും കാരണമാകും. അതിനാൽ ഈ സേവനം നിലനിർത്തിക്കൊണ്ടു കൂടുതൽ സർവീസ് വേണമെന്ന് ദെയ്റ ട്രാവൽസ് ജനറൽ മാനേജർ ടി.പി.സുധീഷ് ആവശ്യപ്പെട്ടു. നേരത്തെ ദുബായ്-കൊച്ചി സെക്ടറിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊണ്ടിരുന്ന ഡ്രീംലൈനർ വിമാനം ലാഭകരമായി സർവീസ് നടത്തിവരുന്നതിനിടെ പിൻവലിച്ചു ചെറിയ വിമാനമിട്ടതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നഷ്ടമാകുന്ന സൗകര്യങ്ങൾകുറഞ്ഞ നിരക്കിൽ ബിസിനസ് ക്ലാസ് സേവനം, ബുക്കിങ് ഹോൾഡ് ചെയ്യുക, ടിക്കറ്റിനൊപ്പം ബാഗേജ്, ഭക്ഷണം തുടങ്ങിയ ആനുകൂല്യം, അധിക ചെലവില്ലാതെ വിമാന ടിക്കറ്റ് മറ്റൊരു തീയതിയിലേക്കു മാറ്റാനുള്ള സൗകര്യം എന്നിവയെല്ലാം നഷ്ടപ്പെടുകയാണ്. കൂടാതെ ദുബായ് എയർപോർട്ട് ടെർമിനൽ വൺ വഴി വിദേശങ്ങളിലേക്ക് കോഡ് ഷെയർ കരാർ വഴി യാത്ര തുടരാനുള്ള സൗകര്യവും നഷ്ടമാകും.














