വാഷിങ്ടൻ ∙ യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു.














