National

മുഖത്തേക്ക് മൂത്രമൊഴിച്ചു, വൈറസ് കുത്തിവച്ചു’: ബിജെപി എംഎൽഎയ്ക്കെതിരെ ഗുരുതര പരാതി

ബെംഗളൂരു ∙ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി എംഎൽഎ എൻ.മുനിരത്നയ്ക്കും 3 സഹായികൾക്കും എതിരെ കേസെടുത്തു. നാൽപതുകാരിയായ​ ബിജെപി പ്രവർത്തകയുടെ പരാതിയിലാണ് മുനിരത്നയ്ക്കും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവർക്കുമെതിരെ കേസെടുത്തത്.

2023 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം. കള്ളക്കേസ് എടുത്ത ശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഓഫിസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുഖത്ത് മൂത്രമൊഴിക്കുകയും ശരീരത്തിൽ മാരകവൈറസ് കുത്തിവയ്ക്കുകയും ചെയ്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മകനെ കൊല്ലുമെന്ന് മുനിരത്ന ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഇതു കൂടാതെ മറ്റു ലൈംഗിക പീഡന, ജാതീയ അധിക്ഷേപ കേസുകളും മുനിരത്‌ന നേരിടുന്നുണ്ട്. ‘‘മുനിരത്ന, വസന്ത്, ചന്നകേശവ എന്നിവർ തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും സഹകരിച്ചില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് എംഎൽഎയുടെ നിർദേശപ്രകാരം വസന്തയും കേശവും എന്നെ ബലാത്സംഗത്തിന് ഇരയാക്കി. അതിനിടെ എംഎൽഎ എന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചു. പിന്നീട് മുറിയിലേക്കു വന്ന സഹായി നൽകിയ സിറിഞ്ച് ഉപയോഗിച്ച് അജ്ഞാതമായ എന്തോ എന്റെ ദേഹത്ത് കുത്തിവച്ചു’’–യുവതി പറഞ്ഞു. എന്തോ മാരകമായ വൈറസാണ് തന്റെ ദേഹത്ത് കുത്തിവച്ചതെന്നും ജനുവരിയിൽ ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ മാരകരോഗം സ്ഥിരീകരിച്ചെന്നും യുവതി പറഞ്ഞു. മുനിരത്നയുടെ നിർദേശപ്രകാരം തനിക്കെതിരെ നേരത്തെ കള്ളക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായി പിന്നീട് ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം കേസിൽനിന്നെല്ലാം ഒഴിവാക്കാമെന്നു പറഞ്ഞാണ് എംഎൽഎ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും യുവതി പരാതിയിൽ പറയുന്നു. ഈ മേയ് 19ന് വിഷാദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും അതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തി.

മറ്റൊരു സാമൂഹിക പ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മുനിരത്നയ്ക്ക് 2024 ഒക്ടോബർ 15നാണ് ജാമ്യം ലഭിച്ചത്. പട്ടികജാതിക്കാരനായ മുൻ കോർപറേറ്റർ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും ബിബിഎംപി കരാറുകാരനായ ചെലുവരാജുവിൽ നിന്നു കരാ‍ർ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളും മുനിരത്നക്കെതിരെയുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.