സർജറിക്കിടയിൽ പാട്ടു പാടി രോഗി, കൂടെപ്പാടി ഡോക്ടർ;വൈറൽഡോക്ടർ പാട്ടുപാടുന്നു, ഒപ്പം ടേബിളിൽ കിടക്കുന്ന രോഗിയും പാടുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലെ കാഴ്ചയാണിത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ കണ്ട് എല്ലാവരുമൊന്ന് അമ്പരന്നു. അല്ല, ഇത് ശരിക്കും ഓപ്പറേഷൻ നടക്കുവാണോ, അതോ വല്ല സിനിമാ ഷൂട്ടിങ്ങുമാണോ? എന്നാലിനി സംശയം വേണ്ട, സംഗതി ശരിക്കും നടന്നതാണ്. രസകരമായ അനുഭവം ഡോക്ടർ പങ്കുവയ്ക്കുന്നു.
ഓർത്തോപീഡിക് സർജനായ ഡോ. ഗണേഷ് കുമാർ ജെ. ആർ ആണ് വൈറൽ വിഡിയോയിലെ ഗായകനായ ഡോക്ടർ. 55 വയസ്സുകാരിയായ രോഗി കയ്യിലെ കുഴയുടെ എല്ല് പൊട്ടിയാണ് ഡോക്ടറിന്റെ അടുത്തെത്തിയത്. എല്ല് 4, 5 കഷ്ണങ്ങളായി ഒടിഞ്ഞിരുന്നു. ”പള്ളിയിൽ കരോൾ ഗാനങ്ങൾ പാടുന്ന വ്യക്തിയാണ് ആ അമ്മച്ചി, ഓപ്പറേഷൻ കഴിഞ്ഞാലും എനിക്ക് പാടാമല്ലോ? ക്രിസ്മസിന് എനിക്ക് കരോൾ പാടാൻ പറ്റോമോ സാറേ എന്നൊക്കെയായിരുന്നു അമ്മച്ചിയുടെ പേടിയും സംശയവും.” – ഡോക്ടർ പറയുന്നു.
”സാധാരണ ഓപ്പറേഷനു മുന്നേ ഞങ്ങൾ പ്രാർഥിക്കാറുണ്ട്. അത് രോഗിക്ക് സമാധാനവും വിശ്വാസവുമൊക്കെ കൊടുക്കുന്ന ഒരു കാര്യമാണ്. സർജറിക്ക് മുൻപ് അമ്മച്ചി ഒരു പ്രാർഥനാ ഗീതം പാടി. അത് കേട്ടപ്പോൾ ഞാൻ അനസ്തേഷഷ്യനിസ്റ്റിനോട് പറഞ്ഞു, അമ്മച്ചിയെ മയക്കേണ്ട, ഇന്ന് അമ്മച്ചി പാട്ട് പാടട്ടേ എന്ന്. ഞാനും അത്യാവശ്യം പാട്ട് പാടാറുണ്ടെന്ന് അറിയുന്ന ഒരു അയൽക്കാരി അമ്മച്ചിക്കുണ്ടായിരുന്നു. സാറും പാടുമല്ലോ, എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പാടാമെന്നായി. രോഗിയെ ടെൻഷനില്ലാതെ കംഫർട്ടബിൾ ആക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് ഞാനും സമ്മതിച്ചു. പാട്ടിന്റെ ഈണവും ശ്രുതിയും നോക്കി പെർഫക്ട് ആയി പാടാനല്ല ശ്രമിച്ചത്. ശ്രദ്ധ മുഴുവൻ നമ്മുടെ ജോലിയിലായിരിക്കും. ഞങ്ങൾ രണ്ടുപേരുടെയും പാട്ട് കേട്ട് ഓപ്പറേഷൻ തിയേറ്ററിൽ സഹായത്തിനുണ്ടായിരുന്ന നഴ്സ് ആണ് ആ വിഡിയോ എടുത്തത്.
പാട്ടിനിടയിലും ഞാൻ ഇടയ്ക്കിടെ അമ്മച്ചി ഓക്കേ അല്ലേയെന്ന് നോക്കുന്നുണ്ട്. അതാണല്ലോ പ്രധാനം””ഏറ്റവും രസമെന്തെന്നാൽ, 40 മിനിറ്റ് കൊണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു. പാട്ടിൽ മുഴുകി കിടന്ന അമ്മച്ചി ഇതൊന്നും അറിഞ്ഞില്ല. എന്നാൽ ഞാൻ പോയ്ക്കോട്ടെ അമ്മച്ചി എന്ന് ചോദിച്ചപ്പോഴാണ്, അയ്യോ ഇത് കഴിഞ്ഞാരുന്നോ എന്ന് ചോദിക്കുന്നത്. ഒരു ഡോക്ടറെന്ന നിലയിൽ അത് വലിയൊരു അംഗീകാരമായാണ് എനിക്ക് തോന്നിയത്.” നമുക്ക് തോന്നുമ്പോൾ ഒരു സ്ഥലത്തിരുന്ന് പാടാനൊന്നും സമയമോ സന്ദർഭമോ കിട്ടണമെന്നില്ല. ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഒപ്പം പാടിയെന്നു മാത്രമേയുള്ളു. വിഡിയോ വൈറലായതോടെ ഒരുപാട് പേര് ആശംസകൾ അറിയിക്കുന്നുണ്ട്. വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളും ധാരാളമുണ്ട്. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു. മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഗണേഷ് കുറച്ചു മാസങ്ങൾക്കു മുൻപാണ് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനായി വന്നത്. എന്തായാലും വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇങ്ങനെ രോഗിയെ കൂൾ ആക്കിയും സർജറി ചെയ്യാൻ സാധിക്കുമല്ലേ എന്നാണ് പലരും ചോദിക്കുന്നത്.














