Latest

വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം,ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി.അതേസമയം, നട തുറന്ന് 10 ദിവസം പിന്നിടുമ്പോൾ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തിരക്കാണ് ശബരിമലയിൽ.

രാത്രി പത്ത് മണിവരെ ദർശനം നടത്തിയത് തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തരാണ്. നാളെയാണ് ശബരിമലയിൽ 12 വിളക്ക്. ശബരിമല തീർഥാടനം സന്തോഷകരമായ അവസ്ഥയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഉച്ചഭക്ഷണമായി സന്നിധാനത്ത് കേരളീയ സദ്യ വിളമ്പുന്നതിൽ ദേവസ്വം പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ഉടൻ അവലോകന യോഗം ചേരും.ഇന്നലെ തീർഥാടകനിര മരക്കൂട്ടം വരെ നീണ്ടു. ക്യൂ കോംപ്ലക്സ് വഴി നിയന്ത്രണങ്ങളോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. 10 ലക്ഷത്തിലധികം ഭക്തർ ഇതുവരെ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലൈ മാത്രം 86,000 തീർത്ഥാടകർ മല ചവിട്ടി. തിരക്ക് കൂടിയതോടെ ശബരിമലയിൽ റെക്കോർഡ് വരുമാനമാണ്. ആകെ വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റു വരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും ലഭിച്ചു. അപ്പം വില്പന പ്രസാദം മറ്റു വഴിപാടുകൾ എന്നിവയിലൂടെയാണ് ബാക്കി വരുമാനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.