വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍. വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നും തന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ വിവാഹം കഴിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായി സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ തിരഞ്ഞെടുപ്പുകള്‍ പോലെത്തന്നെ കൊച്ചുമകളേയും ഇന്നത്തെ യുവതികളേയും അതേ തീരുമാനമെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിന് ‘നവ്യ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ജയാ ബച്ചന്‍ മറുപടി നല്‍കിയത്. വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നാണ് താന്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക രീതികളും രക്ഷാകര്‍തൃത്വവും എത്ര വേഗമാണ് മാറിയതെന്നും അവര്‍ ഓര്‍മിച്ചു. ഇന്നത്തെ കുട്ടികള്‍ കൂടുതല്‍ മിടുക്കരായതിനാല്‍ സ്ത്രീകള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ലെന്നും അവര്‍ പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നവ്യക്ക് 28 വയസ്സ് പൂര്‍ത്തിയാകും. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഇന്നത്തെ അമ്മമാരെ ഉപദേശിക്കാന്‍ എനിക്ക് അറിയില്ല. കാര്യങ്ങള്‍ ഒരുപാട് മാറി. ഇന്നത്തെ കൊച്ചുകുട്ടികള്‍ വളരെ മിടുക്കന്മാരാണ്. അവര്‍ നിങ്ങളെ പല കാര്യങ്ങളിലും പിന്നിലാക്കും’-ജയാ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.ഒരു ബന്ധത്തെ നിര്‍വചിക്കാന്‍ നിയമപരമായ അംഗീകാരം ഇനി ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ശരിക്കും അറിയില്ല. അത് ഡല്‍ഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും പ്രശ്‌നം, കഴിച്ചില്ലെങ്കിലും പ്രശ്‌നം. ജീവിതം ആസ്വദിക്കൂ.’ സംസാരത്തിനിടയില്‍ തമാശരൂപേണ അവര്‍ പറഞ്ഞു.














