ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങുന്നു. നേരത്തേ 533 മില്യൻ ഡോളർ (ഏകദേശം 4,700 കോടി രൂപ) കാണ്മാനില്ലെന്ന കേസിൽ ബൈജു ഉടൻ 1.07 ബില്യൻ ഡോളർ (9,600 കോടി രൂപ) കെട്ടിവയ്ക്കണമെന്ന് പാപ്പരത്ത നടപടികൾ പരിഗണിക്കുന്ന ഡെലവെയർ കോടതി ഉത്തരവിട്ടിരുന്നു. ബൈജൂസിന് 1.2 ബില്യൻ ഡോളർ (10,000 കോടി രൂപ) വായ്പ നൽകിയ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ സമർപ്പിച്ച കേസിനെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കുകൾ അനുകൂല വിധി നേടിയതെന്ന് ബൈജു ആരോപിച്ചു.
പാപ്പരത്ത നടപടിയുടെ പശ്ചാത്തലത്തിൽ ബൈജൂസ് 533 മില്യൻ ഡോളർ ഒളിപ്പിച്ചുവെന്ന് ബാങ്കുകൾ ആരോപിച്ചിരുന്നു. ഈ തുക എവിടെയെന്ന് വെളിപ്പെടുത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന പശ്ചാത്തലത്തിലായിരുന്നു ബൈജുവിനെതിരെ കോടതി വിധി. എന്നാൽ, തുക ഒളിപ്പിക്കുകയോ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു പറഞ്ഞു. പണം കമ്പനിയുടെ ആവശ്യത്തിനാണ് പ്രയോജനപ്പെടുത്തിത്. ഇതിനു തെളിവുണ്ടെന്നും വ്യക്തമാക്കിയാണ് മറുകേസിനുള്ള ബൈജുവിന്റെ ഒരുക്കം.
മാനനഷ്ടക്കേസും കൊടുക്കുംവായ്പാദാതാക്കളുടെ ആരോപണങ്ങൾ അഭിമാനക്ഷതമുണ്ടാക്കിയെന്ന് ആരോപിച്ച് 2.5 ബില്യൻ ഡോളർ (ഏകദേശം 22,300 കോടി രൂപ) ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസ് നൽകാനും ഒരുങ്ങുകയാണ് ബൈജു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് വായ്പാദാതാക്കൾ ചെയ്തത്. കോടതി തന്റെ ഭാഗം കേൾക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും ബൈജു ആരോപിച്ചിരുന്നു. കേസിന്മേൽ തന്റെ വാദങ്ങൾ പറയാൻ 30 ദിവസത്തെ സമയം ബൈജു ചോദിച്ചിരുന്നു. ഇത് കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് അപ്പീൽ എന്നോണം തെളിവുസഹിതം പുതിയ കേസും മാനനഷ്ടക്കേസും നൽകാനുള്ള നീക്കം.
ആൽഫയും ആരോപണവും2021ലാണ് ബൈജൂസ് അമേരിക്കയിൽ ബൈജൂസ് ആൽഫയുടെ പ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന് യുഎസ് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 1.2 ബില്യൻ വായപ എടുത്തു. ഇതു തിരിച്ചടയ്ക്കാതെ വന്നതാണ് പാപ്പരത്ത നടപടികളിലേക്ക് നയിച്ചത്. ബൈജൂസ് ആൽഫയുടെ നിയന്ത്രണം ഇതോടെ വായ്പാദാതാക്കളുടെ കീഴിലായി. പിന്നാലെയായിരുന്നു 533 മില്യൻ ഡോളർ കടത്തിയെന്ന ആരോപണം.
2022ൽ മയാമി ആസ്ഥാനമായ കാംഷാഫ്റ്റ് ക്യാപിറ്റലിലേക്ക് നിക്ഷേപം വകമാറ്റിയെന്നാണ് ബാങ്കുകൾ ആരോപിച്ചത്. എന്നാൽ, ഇതു നിഷേധിച്ച ബൈജൂസ് പണം മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ ബിസിനസ് പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കി. ഈ തുക കൂടി പ്രയോജനപ്പെടുത്തിയായിരുന്നു ആകാശ് എജ്യുക്കേഷണൽ സർവീസസിനെ ഉൾപ്പെടെ ഏറ്റെടുത്തത്.














